ഇ വാർത്ത | evartha
കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു, കൊറോണക്കാലത്ത് കേരളത്തിൽ കുടുങ്ങിയത് അനുഗ്രഹമായി ; ബൾഗേറിയൻ ഫുട്ബോൾ പരിശീലകൻ ദിമിതർ പാൻഡേവ്
‘യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി ഞെട്ടിക്കുന്നതാണ്. ഇത്തരമൊരു അവസ്ഥയിൽ കേരളം പോലൊരു സ്ഥലത്ത് കുടുങ്ങിപ്പോയ ഞാൻ ഭാഗ്യവാനാണ്. കൊറോണക്കാലത്ത് കേരളത്തിൽ കുടുങ്ങിയ ബൾഗേറിയൻ ഫുട്ബോൾ പരിശീലകൻ ദിമിതർ പാൻഡേവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ വാക്കുകളാണിത് . യൂറോപ്പിനെയാകമാനം വൻ പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനത്തെ കേരളമെന്ന കൊച്ചു സംസ്ഥാനം നേരിട്ട രീതി വിശദീകരിച്ചും ഇത്തരമൊരു അവസ്ഥയിൽ മുന്നിൽനിന്നു നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറിനെയും പുകഴ്ത്തിക്കൊണ്ടുള്ളതാണ് കുറിപ്പ്. വൈറസ് വ്യാപനത്തെ ചെറുക്കുന്നതിൽ കേരളം കാഴ്ചവയ്ക്കുന്ന മികവ് രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷവും പാൻഡേവ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് നാലിനാണ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ ഒരു ഫുട്ബോൾ പരിശീലന പരിപാടിയുടെ ഭാഗമായി ദിമിതർ പാൻഡേവ് കേരളത്തിലെത്തിയത്. കേരളത്തിലെത്തിയ അന്നുമുതൽ തനിക്കുണ്ടായ സുന്ദരമായ അനുഭവങ്ങൾ വിവരിക്കുന്നതാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
പാൻഡേവിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ ഇതാ: ‘അടുത്ത രണ്ട് മലയാളി സുഹൃത്തുക്കൾക്കൊപ്പം മാർച്ച് നാലിനാണ് ഞാൻ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇവിടെ എനിക്ക് ലഭിച്ച സ്വീകരണം വാക്കുകൾക്ക് അതീതം. മാത്രമല്ല, കേരളത്തിന്റെ പ്രകൃതിഭംഗി ദൈവത്തിന്റെ സ്വന്തം നാടെന്ന അതിന്റെ വിളിപ്പേരിനെ ശരിവയ്ക്കുന്നുമുണ്ട്.’
‘ഇവിടെയെത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് കൊറോണ വൈറസ് മഹാവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഈ സമയത്ത് നാട്ടിലേക്കു മടങ്ങാനാകാത്തതിനാൽ അതീവ സങ്കടത്തിലായിരുന്നു ഞാൻ. ഇതിനു പുറമെയാണ് വൈറസ് വ്യാപനം നിമിത്തമുള്ള കനത്ത ആശങ്ക മനസ്സിനെ കീഴ്പ്പെടുത്തിയത്. എന്നാൽ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെയും നേതൃത്വത്തിൽ ഈ പ്രതിസന്ധി ഘട്ടത്തെ കേരളം നേരിടുന്ന കാഴ്ച സത്യത്തിൽ എന്റെ കണ്ണു തുറപ്പിച്ചു. അത്രയ്ക്ക് മികവോടെയാണ് ലഭ്യമായ സൗകര്യങ്ങൾവച്ച് ഇത്തരമൊരു വെല്ലുവിളിയെ അവർ കൈകാര്യം ചെയ്തത്. അവരുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും രാജ്യാന്തര തലത്തിൽ ലഭിച്ച അംഗീകാരം സന്തോഷം പകരുന്നു.’
പട്ടാമ്പി മുനിസിപ്പാലിറ്റി പരിധിയിൽ ഞാൻ ക്വാറന്റീനിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതൽ മുതുതല ഹെൽത്ത് ഇൻസ്പെക്ടർ പ്രിയ ദാസും മറ്റ് അധികൃതരും കൃത്യമായി എന്നെ പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ആരോഗ്യ വിവരങ്ങൾ അറിയാൻ അവർ എന്നും ഫോണിൽ ബന്ധപ്പെടുന്നുമുണ്ട്. സർക്കാർ നിർദ്ദേശ പ്രകാരം പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോഹനകൃഷ്ണനും വിദേശിയായ എന്നെ വളരെ കരുതലോടെയാണ് നിരീക്ഷിച്ചത്.’
‘യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി ഞെട്ടിക്കുന്നതാണ്. ഇത്തരമൊരു അവസ്ഥയിൽ കേരളം പോലൊരു സ്ഥലത്ത് കുടുങ്ങിപ്പോയ ഞാൻ ഭാഗ്യവാനാണ്. എന്റെയും കുടുംബത്തിന്റെയും നന്ദിയും കൃതജ്ഞതയും അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയും ശൈലജ ടീച്ചറേയും നേരിട്ട് കാണാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. എന്റെ കാര്യത്തിൽ വലിയ പരിഗണന കാണിച്ച കേരള ഫുട്ബോൾ അസോസിയേഷനോടും പ്രാദേശിക ഫുട്ബോൾ സംഘടനകളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു’ – പാൻഡേവ് കുറിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2VC4vDZ
via IFTTT
No comments:
Post a Comment