ഇ വാർത്ത | evartha
ഭീകരവാദഫണ്ടിങ് കേസിൽപ്പെട്ട കമ്പനിയിൽ നിന്നും ബിജെപി സംഭാവന വാങ്ങി: ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദി വയർ
ഭീകരവാദബന്ധമുള്ളവർക്ക് ഫണ്ട് നൽകാൻ സഹായിച്ചതിന് നിയമനടപടികൾ നേരിടുന്ന കമ്പനിയിൽ നിന്നും ബിജെപി ഫണ്ട് വാങ്ങിയതായി റിപ്പോർട്ട്. ‘ദി വയർ’ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
ആർകെഡബ്ല്യൂ ഡെവലപ്പേഴ്സ് ലിമിറ്റഡ് (RKW Developers Ltd) എന്ന കമ്പനിയിൽ നിന്നാണ് ബിജെപി സംഭാവനയായി വൻതുക കൈപ്പറ്റിയിരിക്കുന്നത്. 1993-ലെ മുംബൈ സ്ഫോടനങ്ങളുടെ ആസൂത്രകനായിരുന്നു ഇഖ്ബാൽ മിർച്ചി എന്നു വിളിക്കുന്ന ഇഖ്ബാൽ മേമനുമായി സാമ്പത്തിക ഇടപാടുകൾ ഉള്ളതിന്റെ പേരിൽ എൻഫോഴ്സ്മെന്റ് വകുപ്പിന്റെ അന്വേഷണം നേരിടുന്ന കമ്പനിയാണ് ആർകെഡബ്ല്യൂ ഡെവലപ്പേഴ്സ് ലിമിറ്റഡ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്നു മരിച്ചുപോയ ഇഖ്ബാൽ മേമൻ.
2014-15 സാമ്പത്തിക വർഷത്തിൽ ആർകെഡബ്ലൂ ഡെവലപ്പേഴ്സ് ബിജെപിയ്ക്ക് സംഭാവനായി നൽകിയത് 10 കോടി രൂപയാണ്. ബിജെപി തന്നെ തെരെഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിവിധ തെരെഞ്ഞെടുപ്പ് ഫണ്ട് പൂളിംഗ് ട്രസ്റ്റുകൾ വഴിയല്ലാതെ ഒരു കമ്പനി സ്വന്തം നിലയ്ക്ക് ബിജെപി നൽകിയ ഏറ്റവും ഉയർന്ന സംഭവനയാണിത്.
ഈ കേസിൽ എൻസിപി നേതാവ് പ്രഫുൽ പട്ടേൽ ഉൾപ്പെട്ടിരുന്നതിനാൽ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കുകയും ചെയ്ത ബിജെപിതന്നെ അതേ കമ്പനിയിൽ നിന്നും പത്തുകോടിരൂപ കൈപ്പറ്റിയതിന്റെ രേഖകളാണ്
ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പ്രഫുൽ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മില്ലേനിയം ഡെവലപ്പേഴ്സും സൺ ബ്ലിങ്കും ചേർന്ന് ഇഖ്ബാൽ മിർച്ചിയുമായി നടത്തിയ വസ്തു ഇടപാടിലാണ് അന്വേഷണം നടക്കുന്നത്. മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിന് തൊട്ടു മുൻപായിട്ടായിരുന്നു അന്വേഷണത്തിന്റെ പല നടപടികളും അറസ്റ്റുകളുമെല്ലാം നടന്നത്. ഈ ഇടപാട് രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല എന്നായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബറിൽ അമിത് ഷാ ടൈംസ് നൌവിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഈ കമ്പനിയുടെ മുൻ ഡയറക്ടറായിരുന്ന രഞ്ജീത് ബിന്ദ്രയെ അധോലോകത്തിന് സാമ്പത്തിക ഇടപാടുകൾ നടത്താൻ സഹായിച്ചതിന്റെ പേരിൽ എൻഫോഴ്സ്മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. കമ്പനികൾക്കും ഇഖ്ബാൽ മിർച്ചിയ്ക്കും ഇടയിൽ ഒരു ബ്രോക്കർ ആയി പ്രവർത്തിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്.
ആർകെഡബ്ലൂ ഡെവലപ്പേഴ്സിന്റെ ഒരു ഡയറക്ടർ ആയ പ്ലാസിഡ് ജേക്കബ് നരോന ഡയറക്ടർ ആയിരുന്ന ദർശൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 2016-17 കാലഘട്ടത്തിൽ ബിജെപിയ്ക്ക് സംഭാവനയായി നൽകിയത് ഏഴരക്കോടി രൂപയാണ്. പ്ലാസിഡ് ജേക്കബ് നരോനയും ഈ കേസിൽ അന്വേഷണം നേരിടുന്നയാളാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.
ഇഖ്ബാൽ മിർച്ചിയുടെ വസ്തുക്കൾ വാങ്ങിയതിന് എൻഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന മറ്റൊരു കമ്പനിയായ സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റിൽ (Sunblink Real Estate ) നിന്നും ബിജെപി സംഭാവനയായി വാങ്ങിയത് രണ്ട് കോടി രൂപയാണ്.
സൺബ്ലിങ്കിന്റെ ഒരു ഡയറക്ടർ ആയിരുന്ന മേഹുൽ അനിൽ ബാവിഷി ഡയറക്ടർ ആയ സ്കിൽ റിയൽടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 2014-15 കാലഘട്ടത്തിൽ ബിജെപിയ്ക്ക് 2 കോടി രൂപ സംഭാവന നൽകിയിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OELYmG
via IFTTT
No comments:
Post a Comment