ഭഗവാൻമാഷിനെ പോലെ വിദ്യാർഥി സ്നേഹത്തിന്റെ മധുരവും സ്വാദും ഇത്രയേറെയറിഞ്ഞ ഒരധ്യാപകൻ ഒരു പക്ഷെ മറ്റൊരാളുണ്ടാവില്ല. ഭഗവാൻമാഷിനെയല്ലാതെ മറ്റൊരധ്യാപകനെ തമിഴ്നാട്ടിലെ വെളിയകരം സർക്കാർ ഹൈസ്കൂളിലെ വിദ്യാർഥികളും സഹപ്രവർത്തകരും ഇത്രയേറെ സ്നേഹിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് സ്ഥലം മാറി പോവുമ്പോൾ അധ്യാപകനെ കെട്ടിപ്പിടിച്ച്, സമരം ചെയ്ത് സ്ഥലം മാറ്റം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഇവിടെയുള്ള വിദ്യാർഥികൾക്ക് സാധിച്ചതും. കഴിഞ്ഞ ഒന്നു രണ്ട് ദിവസത്തിനുള്ളിൽ രാജ്യമെമ്പാടുമാണ് ഭഗവാൻ മാഷിന്റെ സ്ഥലം മാറ്റത്തെക്കുറിച്ചും വെളിയകരം സ്കൂളിനെക്കുറിച്ചും ചർച്ച ചെയ്തത്. കാരണം വെളികരം സ്കൂളുകാർക്ക് ഭഗവാൻ മാഷ് വെറും അധ്യാപകൻ മാത്രമായിരുന്നില്ല, അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയായിരുന്നു. "ഇംഗ്ലീഷ് നമുക്ക് വലിയ പ്രശ്നമല്ലേ? എവിടെപ്പോയാലും ഇംഗ്ലീഷ് വേണം. ഭഗവാൻ സാറ് വന്നതോടെ ഞങ്ങടെ ഇംഗ്ലീഷ് പേടിയൊക്കെ പോയി. എന്തൊക്കെ പഠിക്കണം, പഠിച്ച് കഴിഞ്ഞാൽ എന്താവണം എന്നൊക്കെ സാറ് പറഞ്ഞു തരും. നമ്മുടെ ആഗ്രഹം എഴുതി വെക്കാനാണ് സാറ് പറഞ്ഞത്. എല്ലാ ദിവസവും രാവിലെ അതെടുത്ത് നോക്കണം, അത് കാണുമ്പോ നമുക്കൊരു വാശി വരണം, എന്തായാലും അതായിത്തീരണമെന്ന വാശി. ഞാനും എഴുതി ചുവരിൽ ഒട്ടിച്ചുവെച്ചിട്ടുണ്ട്. തഹസിൽദാറാവണമെന്ന്.ഞങ്ങൾക്ക് നന്നായി പഠിക്കണം, അതിന് നല്ല ടീച്ചർ വണേം. അതുകൊണ്ടാണ് സാറിനെ കെട്ടിപ്പിടിച്ച് കരഞ്ഞത്. പോകാൻ സമ്മതിക്കാതിരുന്നത്. അതിലെന്തെങ്കിലും തെറ്റുണ്ടോ? വെളിയകരം സ്കൂളിലെ ഒമ്പതാം ക്ലാസുകാരി കാവ്യയുടെ ചോദ്യമാണ്. ഒരു തെറ്റുമില്ലെന്നല്ലാതെ എന്ത് മറുപടിയാണ് പറയാൻ കഴിയുക. കാവ്യയ്ക്ക് മാത്രമല്ല, കളക്ടറാവണം എന്ന് പറഞ്ഞ കാർത്തികയ്ക്കും പാട്ടുകാരനാവാൻ കൊതിക്കുന്ന കാർത്തികിനും മറ്റ് അനേകം കുട്ടികൾക്കും ഇതു തന്നെയാണ് പറയാനുണ്ടായിരുന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ജില്ലയിലാണ് വെളിയകരം സർക്കാർ ഹൈസ്കൂൾ.സ്കൂളിലെത്തുന്നവരിൽ നാൽപത് ശതമാനവും ദളിതർ. അടുത്തൊരു സ്വകാര്യ സ്കൂളുണ്ട്. അവിടെ വിട്ട് പഠിപ്പിക്കാൻ ഫീസ് കൊടുക്കാൻ കഴിയാത്തവരുടെ മക്കളാണ് സ്കൂളിലുള്ളവരിൽ ഏറെയും. 1980 ൽ ആരംഭിച്ച സ്കൂളിലെ കുട്ടികൾ ഇതുവരെ പറയത്തവിധത്തിലുള്ള സ്ഥാനങ്ങളിലൊന്നും എത്തിച്ചേർന്നിട്ടില്ല. ആ സാഹചര്യമല്ല വീടുകളിൽ ഉണ്ടായിരുന്നത് എന്നത് തന്നെയാണ് പ്രധാന കാരണം. തമിഴ്നാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന പല തരത്തിലുള്ള വിവേചനത്തിന്റേയും അറിവില്ലായ്മകളുടേയും പ്രശ്നങ്ങൾ വെളിയകരം സ്കൂൾ ഇപ്പോഴും നേരിടുന്നുണ്ട്. ഒരു ഘട്ടത്തിൽ നാനൂറ്റി അൻപതിലധികം കുട്ടികളുണ്ടായിരുന്ന സ്കൂളാണ്. ഇപ്പോഴുള്ളത് 265 പേർ മാത്രം. അതിലും ഏറിയ പങ്ക് പത്താം ക്ലാസിലാണ്. അടുത്ത വർഷം സ്കൂൾ കൂടുതൽ പ്രതിസന്ധിയിലാകും എന്ന് ചുരുക്കം. കഴിഞ്ഞ വർഷം കുട്ടികളുടെ എണ്ണം 282 ആയിരുന്നു. അതിനു മുന്നത്തെ വർഷത്തേക്കാൾ കുറവ്. തമിഴ്നാട്ടിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം 30:1 ആണ്. കുട്ടികൾ കുറഞ്ഞത് കൊണ്ടാണ് ജി.ഭഗവാൻ എന്ന പ്രിയപ്പെട്ട അധ്യാപകന് സ്ഥലം മാറി പോകേണ്ടിവന്നതെന്നും ചുരുക്കം. 2014-ൽ ആണ് ഭഗവാൻ വെളിയകരം സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി വരുന്നത്. 24 വയസ്സ് പ്രായമുള്ള യുവാവ്. അയാൾ പാഠ പുസ്തകങ്ങളെ ചാങ്ങാതിമാരായി കാണാൻ കുട്ടികളെ പ്രേരിപ്പിച്ചു. പാഠ പുസ്കത്തിന് പുറത്തേക്കുള്ള ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാഭ്യാസം പത്താം ക്ലാസുവരെ കൊണ്ടു നടക്കേണ്ട വെറും ചടങ്ങു മാത്രമായിക്കണ്ടിരുന്ന സാധാരണക്കാരായ കുട്ടികളുടെ മനസ്സിൽ പ്രതീക്ഷകളുടെ പുതിയ ലോകത്തെ വരച്ചിട്ടു. അവരുടെ രക്ഷിതാക്കൾക്ക് ഊർജ്ജം പകർന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും സഹപ്രവർത്തരുമെല്ലാമായി നല്ല വ്യക്തി ബന്ധം സൂക്ഷിച്ചു. അതിന്റെ ഫലം കണ്ടു തുടങ്ങി. 2014 ൽ സ്കൂളിലെ പത്താംക്ലാസ് വിജയശതമാനം 86 ശതമാനമായിരുന്നു. ഇംഗ്ലീഷിൽ 89 ശതമാനം. 2015 ൽ സ്കൂൾ 93 ശതമാനം വിജയം നേടിയപ്പോൾ പരീക്ഷയെഴുതിയ മുഴുവൻപേരും ഇംഗ്ലീഷിൽ വിജയിച്ചു. 2016 ൽ സ്കൂളിൽ 89 ശതമാനം വിജയം, ഇംഗ്ലീഷിന് 93 ശതമാനം. ഈ വർഷം സ്കൂൾ 82 ശതമാനം വിജയം നേടി. എന്നാൽ ഭഗവാൻ ഇംഗ്ലീഷ് പഠിപ്പിച്ച മുഴുവൻ കുട്ടികളും വിജയിച്ചു 100 ശതമാനം വിജയം. ഇത് പ്രധാനപ്പെട്ട കണക്കാണ്. കാരണം, മറ്റെവിടുത്തേയും പോലെ, ഒരു പക്ഷേ അതിലെത്രയോ മടങ്ങ് ഇത്തരം ഗ്രാമങ്ങളിലെ ജനങ്ങൾ ഇംഗ്ലീഷിനെ ഭയപ്പെടുന്നുണ്ട്. നാളെ ഉന്നത പഠനത്തിന് പോകുമ്പോഴും ജോലി ലഭിക്കേണ്ട സാഹചര്യത്തിലുമുണ്ടാകുന്ന വെല്ലുവിളികളാണ് അവരെ സംബന്ധിച്ച പ്രധാന പ്രശ്നം. അതുകൊണ്ടാണ് അവരിൽ പലരും കുട്ടികളെ വെളിയകരം സ്കൂളിൽ അയയ്ക്കാതെ നാലു കിലോ മീറ്റർ അപ്പുറത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പറഞ്ഞയച്ചത്. കാറ്റടിച്ച് കൃഷി മുഴുവൻ നശിച്ചപ്പോഴും പലിശയ്ക്ക് പണം വാങ്ങി അവർ കുട്ടികളെ ഇംഗ്ലീഷ് പഠിക്കാനയച്ചു. കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലാണ് എന്ന് പറയുന്നതിനെ ഈ പാവപ്പെട്ട ജനത അഭിമാനമായിക്കണ്ടു. അങ്ങനെ അഭിമാനം പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത അടിസ്ഥാന വർഗത്തിന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ ഇംഗ്ലീഷ് നന്നായി പഠിപ്പിക്കുന്ന അധ്യാപകൻ എത്തിയപ്പോൾ അയാൾ ഹീറോ ആയി. ഒരേ സമയം കുട്ടികൾക്കും രക്ഷിതാക്കൾക്കും. ഇതിനിടയിൽ സ്കൂളിൽ മറ്റൊരു പ്രധാനപ്പെട്ട മാറ്റവുമുണ്ടായി. പുതിയ ഹെഡ്മാസ്റ്റർ വന്നു. ഗ്രാമത്തിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടെന്ന് വിദ്യഭ്യാസ വകുപ്പിനെ അറിയിച്ച് സ്വമേധയാ എത്തിയ എ. അരവിന്ദൻ. പി.ടി.എ യോഗം വിളിക്കുമ്പോൾ മിക്ക രക്ഷിതാക്കളും വയലിൽ പണിയെടുക്കുകയായിരിക്കും. അതുകൊണ്ട് അവരെയെല്ലാം വീടുകളിൽ പോയിക്കണ്ട്, കുട്ടികളുടെ ഭാവിയെക്കുറിച്ചും പഠനത്തെക്കുറിച്ചുമെല്ലാം സംസാരിച്ച് അവർ ബോധ്യപ്പെടുത്തി. വെളിയകരം വിട്ട് ഇതുവരേ പുറത്തു പോയിട്ടില്ലാത്ത കുട്ടികളേയും കൂട്ടി ചെന്നൈ നഗരം ചുറ്റി, ശ്രീഹരിക്കോട്ട കാണിച്ച് കൊടുത്ത്, പ്ലാനറ്റോറിയത്തിലെ വിസ്മയങ്ങൾ കുട്ടികൾക്ക് പകർന്നു. അന്ന് വരെ പരിചയമില്ലായിരുന്ന മത്സര പരീക്ഷകൾ എഴുതിച്ചു. സ്കൂളിൽ നാടകങ്ങൾ അരങ്ങിലേറി, പുസ്തകങ്ങൾ വായിക്കാൻ സംവിധാനമൊരുക്കി, സ്കൂളിന്റെ വാർഷികാഘോഷം കേമമാക്കി നടത്തി. സർക്കാർ സ്കൂളിനെ ജനകീയമാക്കാൻ അയാൾ നിരന്തരം ഇടപെട്ടു. ഭഗവാൻ ഉൾപ്പെടെ സജീവമായി ഈ പ്രവർത്തനങ്ങളിലും പങ്കുചേർന്നു. ഒടുവിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അവർ രാത്രികാല ക്ലാസുകളും നടത്തി. രാത്രി എട്ടു മണിവരെ. അവർക്ക് പരീക്ഷാ സഹായിയും ഭക്ഷണവും നൽകി. ഒടുവിൽ പറഞ്ഞ കാര്യങ്ങൾ കേരളത്തിലുള്ളവർക്ക് അത്ര അതിശയോക്തി കാണില്ല. കാരണം കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ ഇത് സർവ്വ സാധാരണമാണല്ലൊ. പക്ഷേ തമിഴ്നാട്ടിൽ അങ്ങനെയല്ല. ഭൂരിഭാഗം അധ്യാപകർക്കും സർക്കാരിനുമൊന്നും ഇത്തരം കാര്യങ്ങളിൽ വലിയ താൽപര്യമൊന്നുമില്ല. അതുകൊണ്ടുകൂടിയാണ് വെളിയകരം സ്കൂൾ വ്യത്യസ്തമാവുന്നത്. ഭഗവാന്റെ സ്ഥലംമാറ്റം കുട്ടികളെയെന്നപോലെ രക്ഷിതാക്കളേയും വല്ലാതെ സ്വാധീനിച്ചു. ആദ്യത്തെ ദിവസം കുട്ടികൾ സ്കൂളിൽ കയറാതെ പുറത്തുനിന്ന് പ്ലക്കാർഡുകളേന്തി സമരം ചെയ്തു. പിറ്റേന്ന് യാത്രപറയാനെത്തിയ അധ്യാപകനെ കുട്ടികൾ കെട്ടിപ്പിടിച്ചു കരഞ്ഞു. അതേ സമയം തന്നെ രക്ഷിതാക്കൾ സ്ഥലം എംഎൽഎയെ കണ്ട് പ്രശ്നം ധരിപ്പിച്ചു. സാഹചര്യം മനസ്സിലാക്കിയ എംഎൽഎ ഇടപെട്ട് സ്ഥലംമാറ്റത്തിന് പത്തു ദിവസത്തെ സ്റ്റേ. അതോടെ കാര്യങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. സാധാരണക്കാരന്റെ വിദ്യഭ്യാസ സ്വപ്നങ്ങളെ അറിയാനും അഭിസംബോധന ചെയ്യാനും തമിഴ്നാട് സർക്കാരിന് കഴിയുന്നില്ല എന്നതാണ് ഇവിടെ മുഴച്ചു നിൽക്കുന്ന പ്രശ്നം. ഏറെ നാളുകൾക്കു ശേഷം വിദ്യാർത്ഥികൾക്ക് ലഭിച്ച നല്ല അധ്യാപകനെ അവർ നെഞ്ചോടു ചേർത്തുവച്ചു. അവർ സ്വപ്നങ്ങൾ നെയ്തു. ഗ്രാമമായതുകൊണ്ടു തന്നെ ആ ചേർത്തു വെക്കലിലും പ്രതീക്ഷയിലുമെല്ലാം വികാരാധീതമായി. അത് പിന്നീട് പൊട്ടിക്കരച്ചിലുമായി. യൂനിഫോമും, നോട്ടും, പുസ്തകവും, ചെരുപ്പും പ്ലസ്ടു പഠിക്കുന്നവർക്ക് സൈക്കിളും പിന്നെയും പഠിക്കുന്നവർക്ക് ലാപ്ടോപ്പുമെല്ലാം നൽകുന്നുണ്ട് തമിഴ്നാട് സർക്കാർ. എന്നാൽ പുറംതോടിൽ തട്ടുന്ന ഇത്തരം മുറിവൈദ്യങ്ങല്ല, മറിച്ച് അടിസ്ഥാന പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിയുള്ള മാറ്റം അനിവാര്യമെന്നാണ് വെളിയകരം സ്കൂൾ ഓർമിപ്പിക്കുന്നത്. ഇന്റെർനെറ്റും സ്മാർട് ക്ലാസ് റൂമുമെല്ലാം ഇവിടുത്തെ കുട്ടികൾക്ക് സ്കൂളിൽ കണ്ടോ അറിഞ്ഞോ പരിചയമില്ല. ഒരൊറ്റ മഴപെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടം കഴിഞ്ഞ വർഷം ചെന്നൈയിലെ ഒരു സംഘടനയാണ് നന്നാക്കിക്കൊടുത്തത്. സർക്കാർ സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പ്രായോഗിക നടപടികൾക്ക് സർക്കാർ ഇടപെടൽ നടത്തണമെന്ന് ചുരുക്കം. content highlights: Veliyakaram-school-story students protest overe transfer of teacher bhagavan in tamilnad
from mathrubhumi.latestnews.rssfeed https://ift.tt/2ImAOOo
via IFTTT
Post Top Ad
Responsive Ads Here
Sunday, 24 June 2018
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
"ഞങ്ങള്‍ക്ക് പഠിക്കണം, അതിന് നല്ല സാറിനെ വേണം, അതാ ഭഗവാന്‍ സാറിനെ കെട്ടിപ്പിടിച്ച് കരഞ്ഞത്"
"ഞങ്ങള്‍ക്ക് പഠിക്കണം, അതിന് നല്ല സാറിനെ വേണം, അതാ ഭഗവാന്‍ സാറിനെ കെട്ടിപ്പിടിച്ച് കരഞ്ഞത്"
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Malayali Vartha
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment