ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 60 അംഗ നിയമസഭയിൽ ബി.ജെ.പി 55 ഇടത്തും അവരുടെ സഖ്യകക്ഷി ഐ.പി.എഫ്.ടി അഞ്ചിടത്തുമാണ് ജനവിധി തേടുന്നത്. ഇടതുമുന്നണിയിൽനിന്ന് സി.പി.എം 43 ഇടത്ത് മത്സരിക്കുന്നു. ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി, സി.പി.ഐ എന്നിവർ ഓരോ സീറ്റിലും ജനവിധി തേടും. ഇടതുപക്ഷത്തിനൊപ്പമുള്ള കോൺഗ്രസ് 13 ഇടത്താണ് മത്സരിക്കുന്നത്. പടിഞ്ഞാറൻ ത്രിപുരയിലെ രാംനഗർ മണ്ഡലത്തിൽ ഇടതുപക്ഷം സ്വതന്ത്രനെ പിന്തുണക്കും.
ചരിത്രത്തിൽ ആദ്യമായി ഇടത് – കോണ്ഗ്രസ് കൂട്ടുകെട്ടിന് സാഹചര്യം ഒരുങ്ങിയ ത്രിപുരയിൽ ഇത്തവണ നടക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണം കൂടിയാണ്. ഇടത് കോണ്ഗ്രസ് വോട്ടുകൾ ഒന്നിച്ചു നിർത്താനായാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയും എന്ന ആത്മവിശ്വാസമാണ് ഇരു പാർട്ടികളുടെയും നേതാക്കൾ പങ്കുവെക്കുന്നത്. കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ ത്രിപുരയിൽ തുടർഭരണം നേടുന്നത് അഭിമാന പ്രശ്നമായാണ് ബിജെപി കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പ്രചരണങ്ങളിൽ ലഭിച്ച വൻ ജനപിന്തുണ ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. ഇത്തവണ 50 ലേറെ സീറ്റുകൾ നേടുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ഗോത്ര പാർട്ടിയായ തിപ്ര മോതയുടെ സാന്നിധ്യമാണ് ഈ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തേക്കുള്ള, അന്താരാഷ്ട്ര, സംസ്ഥാന അതിർത്തികൾ അടച്ചു. സംസ്ഥാനത്തെങ്ങും പരിശോധന കർശനമാക്കി.
അതേസമയം സിപിഎമ്മും കോൺഗ്രസും തമ്മിലുള്ളത് അവിശുദ്ധകൂട്ടുകെട്ടാണ് എന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം–കോൺഗ്രസ് സഹകരണം ബിജെപിക്ക് വെല്ലുവിളിയല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
The post ത്രിപുര തെരഞ്ഞെടുപ്പ്: പരസ്യ പ്രചരണം ഇന്ന് അവസാനിക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/2p1Qw6H
via IFTTT
No comments:
Post a Comment