ഇ വാർത്ത | evartha
അവരെ ഒന്നെത്തിച്ചു തന്നാൽ മതി, ബാക്കി കേരളം നോക്കിക്കോളാം: പ്രവാസികൾക്കു വേണ്ടി പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്
പ്രവാസികളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തിയച്ചു. വിദേശത്തുനിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്കു വേണ്ട ടെസ്റ്റിംഗും, ക്വാറന്‍റൈനും ഉൾപ്പടെ എല്ലാ പരിശോധനകളും കേന്ദ്രനിർദേശപ്രകാരം നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹ്രസ്വകാലപരിപാടികൾക്കോ, സന്ദർശകവിസയിലോ പോയവരുണ്ട്. അവരെയെങ്കിലും അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയച്ച് തിരികെ എത്തിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടുമയച്ച കത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് 19 മൂലം ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികൾക്ക് സംസ്ഥാനത്തിന് കേന്ദ്രം പ്രത്യേകസഹായം നൽകണമെന്നും, പ്രത്യേക പദ്ധതികൾ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകുന്നത്.
”കേരളത്തെ ഇന്ന് ഏറ്റവും കൂടുതൽ അലട്ടുന്നത് പ്രവാസികളുടെ പ്രശ്നമാണ്. അവരെ എത്രയും വേഗം കേരളത്തിലെത്തിക്കണം എന്ന് തന്നെയാണ് നമുക്കും അവർക്കും അവരുടെ കുടുംബങ്ങൾക്കും ആഗ്രഹം. ചെറിയ കാലയളവിലേക്ക് വേണ്ടിയോ, സന്ദർശകവിസയിലോ പോയവർ അവിടെ കുടുങ്ങിപ്പോയിട്ടുണ്ട്. വരുമാനമില്ലാത്തതിനാൽ അവർക്ക് ജീവിതം അസാധ്യമാകുകയാണ്. ഇവരെയും അടിയന്തര ആവശ്യങ്ങളുള്ളവരെയും മാത്രമെങ്കിലും അടിയന്തരമായി നാട്ടിലെത്തിക്കാൻ പ്രത്യേകവിമാനം അയക്കണം. അന്താരാഷ്ട്ര ആരോഗ്യനിബന്ധനകളെല്ലാം പാലിച്ചാകണം ഇവരെ തിരികെ എത്തിക്കേണ്ടത്”- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇങ്ങനെ തിരികെ വരുന്നവരെ ടെസ്റ്റിംഗ് നടത്താനും ക്വാറന്‍റൈനിലാക്കാനും ആവശ്യമുള്ളവർക്ക് ചികിത്സ നൽകാനുമുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാനസർക്കാർ ഒരുക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3a3TvnJ
via IFTTT
No comments:
Post a Comment