ഇ വാർത്ത | evartha
കയ്യിൽ ലാത്തിയുമായി ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയില്‍ ആര്‍എസ്എസ്സുകാര്‍: അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസ്
ഹൈദരാബാദ്: നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് തെലങ്കാന പോലീസ്. ഹൈദരാബാദിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ലാത്തിയേന്തി യാത്രക്കാരെ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് വിശദീകരണവുമായെത്തിയത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വഴിയാത്രക്കാരെ പരിശോധിക്കാന്‍ സംസ്ഥാനപോലീസിന് സഹായവുമായി ആര്‍എസ്എസ്സുകാര്‍ സ്വയം എത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരിശോധിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും തുടര്‍ന്ന് വിമര്‍ശനമുയരുകയും ചെയ്തിരുന്നു.
ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന ട്വിറ്റര്‍ അക്കൗണ്ട് ആണ് പരിശോധനയുടെ ചിത്രങ്ങള്‍ ആദ്യം ഷെയര്‍ ചെയ്തത്. യദാദ്രി ഭുവനഗിരി ജില്ലയിലെ ചെക്ക് പോസ്റ്റില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ദിവസവും 12 മണിക്കൂര്‍ പോലീസ് വകുപ്പിനെ സഹായിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പങ്കു വെച്ചത്. എന്നാല്‍ ഔദ്യോഗികാനുമതി ഇല്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് രാചകൊണ്ട പോലീസ് കമ്മിഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു.
ജനങ്ങള്‍ക്ക് സഹായവുമായി പ്രവര്‍ത്തകര്‍ ഏതു സമയവും പലയിടങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ടെന്നും ചെക്ക് പോസ്റ്റുകളില്‍ സഹായവാഗ്ദാനം നല്‍കിയപ്പോള്‍ പോലീസുകാര്‍ അനുവദിക്കുകയായിരുന്നുവെന്നും ഒരു ദിവസത്തേക്ക് മാത്രമായിരുന്നു അതിന് വേറെ മാനം നല്‍കേണ്ട കാര്യമില്ലെന്നും ആര്‍എസ്എസ് സംസ്ഥാനവക്താവ് ആയുഷ് നടിമ്പള്ളി പ്രതികരിച്ചു. ലാത്തി യൂണിഫോമിന്റെ ഭാഗമാണെന്നും ആരെയും ഭീഷണിപ്പെടുത്താന്‍ വേണ്ടി കരുതിയതല്ലെന്നും ആയുഷ് കൂട്ടിച്ചേര്‍ത്തു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2yeaiao
via IFTTT
No comments:
Post a Comment