ഇ വാർത്ത | evartha
പ്രധാനമന്ത്രി രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക്ഡൗണില്‍ ഇളവുകളെക്കുറിച്ചു ഇന്നറിയാം
ഡൽഹി: രാജ്യവ്യാപക അടച്ചിടൽ നീട്ടുന്നതുമായി ബന്ധപ്പെട്ട കേന്ദ്രപ്രഖ്യാപനം ഇന്നുണ്ടാവും. രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ചൊവ്വാഴ്ച അർധരാത്രി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഈമാസം 30 വരെ ലോക്ഡൗൺ നീട്ടുന്ന പ്രഖ്യാപനമാവും പ്രധാന ഉള്ളടക്കം. മൂന്നാഴ്ചയായി സ്തംഭിച്ചുനിൽക്കുന്ന രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നിയന്ത്രിത നടപടികളും പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. കോവിഡ് വ്യാപനം തുടങ്ങിയശേഷം നാലാംതവണയാണ് മോദിയുടെ അഭിസംബോധന. ഏതൊക്കെ മേഖലയെ ഒഴിവാക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് സഹകരിക്കാന്‍ മോദി ജനങ്ങളോട് ആവശ്യപ്പെടും. ലോക്ക്ഡൗണ്‍ വഴി രോഗപ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി വിശദീകരിക്കും.
ചില ഇളവുകളോടെ അടച്ചിടൽ രണ്ടാഴ്ചകൂടി നീട്ടാൻ ശനിയാഴ്ച ചേർന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ധാരണയായിരുന്നു. കാർഷിക, വ്യവസായ മേഖലയ്ക്ക് ഇപ്പോഴത്തെ നിയന്ത്രണത്തിൽ ചില ഇളവുകൾ നൽകിയേക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യം വിശദീകരിക്കും. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ ആഭ്യന്തരമന്ത്രാലയമിറക്കിയ മാർഗരേഖയിലും മാറ്റം വരുത്തിയേക്കും.
ഇതിനകം ഏഴു സംസ്ഥാനങ്ങൾ ലോക്ഡൗൺ ഈ മാസം 30 വരെ നീട്ടിക്കഴിഞ്ഞു. ഒഡിഷ, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവക്കുപിന്നാലെ തിങ്കളാഴ്ച തമിഴ്നാടും ലോക്ഡൗൺ നീട്ടുന്നതായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ലോക്ഡൗൺ നീട്ടാനുള്ള ധാരണ ഉണ്ടായിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ എന്നീ മെട്രോനഗരങ്ങളിൽ കോവിഡ് വ്യാപിക്കുകയാണ്. രാജ്യത്തെ പകുതി ജില്ലകളും കോവിഡ് ബാധിതമാണ്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3a69wK3
via IFTTT
No comments:
Post a Comment