ഇ വാർത്ത | evartha
‘രാജ്യം മുഴുവൻ മൗനം അവലംബിച്ചാലും ജെഎൻയു ശബ്ദിച്ചു കൊണ്ടേയിരിക്കും’;ജെഎന്‍യുവിലെ വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് അഡ്വ:മാത്യു കുഴല്‍നാടന്‍
ജെഎന്‍യുവിലെ വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ: മാത്യു കുഴല്‍ നാടന്‍.ജെഎന്‍യുവിലെ പൂര്‍വകാല ഓര്‍മ്മകളും സമരചരിത്രവും വിവരിക്കുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മാത്യു കുഴല്‍നാടന്‍ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചതും ഇന്നത്തെ സ്ഥിതിയിലേക്ക് രൂപപ്പെടുത്തിയതും ജെഎന്‍യുവാണെന്ന് കുറിപ്പില്‍ പറയുന്നു. ജെഎന്‍യു എന്നും ഇരയുടെ പക്ഷത്താണ്. അങ്ങനെയുള്ള സര്‍വകലാ ശാലയെ ഉള്‍ക്കൊള്ളാന്‍ രാജ്യം ഭരിക്കുന്ന ശക്തികള്‍ക്ക് പ്രയാസമാണെന്നും .രാജ്യം മുഴുവന്‍ മൗനം അവലംബിച്ചാലും ജെഎന്‍യു ശബ്ദിച്ചുകൊണ്ടിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
”കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നും ഓഫീസിലെത്താൻ 2 മണിക്കൂറിലേറേ എടുത്തു. സാധാരണ 20 മിനിറ്റിന്റെ യാത്രയാണ്. ല്യൂറ്റൻസ് ഡെൽഹിയിലെ എല്ലാ വഴികളും സ്തംഭിച്ചിരുന്നു. അന്വോഷിച്ചപ്പോൾ ജെ.എൻ.യു വിലെ വിദ്യാർത്ഥി സമരമാണ്. ആളുകൾ കാറിൽ നിന്നും പുറത്തിറങ്ങി പരസ്പരം സംസാരിക്കുന്നു. ചിലർക്ക് നേരത്തെ വീട്ടിൽ എത്താൻ കഴിയാത്തതിന്റെ നിരാശ, ദേഷ്യം ഒക്കെ. ഇടയ്ക്ക് ആരോ പറയുന്ന കേട്ടു ‘അവരെങ്കിലും സമരം ചെയ്യട്ടെ.. ‘ സർക്കാരിനെതിരായ രോഷം. രാത്രി അറിയാൻ കഴിഞ്ഞു വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചെന്ന്.
അതെ, ജെഎൻയു സമരത്തെ അടിച്ചമർത്തുകയാണ് ഈ സർക്കാർ. സമരത്തെ മാത്രമല്ല, ആ സർവ്വകലാശാലയേയും. ഒരു പൂർവ്വകാല വിദ്യാർത്ഥിയെന്ന നിലയിൽ എനിക്കും വേദന തോന്നി. നമ്മൾ പഠിച്ച കലാലയങ്ങളോട് നമുക്ക് ഒരു വൈകാരികമായ അടുപ്പമുണ്ടാകും, അത് സ്വാഭാവികമാണ്.
ആദ്യത്തെ കലാലയം കോതമംഗലം എം എ കോളേജാണ്. സ്കൂൾ മതിൽ കെട്ടിന്റെ തടവറയിൽ നിന്നും കൗമാര സ്വപ്നങ്ങളുമായി സ്വാതന്ത്ര്യത്തിന്റെ വിഹായുസിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയ കലാലയം. തീവ്ര സൗഹൃദങ്ങളും മായാത്ത ചില മുറിവുകളുമായി ഹൃസ്വകാലത്തേക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സിലേക്ക് . പിന്നീട് നിയമ പഠനത്തിനായി, തിരുവനന്തപുരം ഗവ: ലോ കോളജിലേക്ക് . സംഭവബഹുലമായ 5 വർഷങ്ങൾ. എല്ലാ നിലക്കും എന്റെ ജീവിതം മാറ്റിമറിച്ച കലാലയം. രാഷ്ട്രിയത്തിന്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടി, രാഷ്ട്രീയം ജീവിതത്തിന്റെ തന്നെ ഭാഗമായി. പിന്നീട് ഉപരിപഠനത്തിന് ജെ.എൻ.യു വി ലേക്ക്. എംഫിലും പി എച്ച് ഡി യുമായി നീണ്ട 8 വർഷം ഈ സർവ്വകലാശാലയിലായിരുന്നു.
ജീവിത സഖിയെ സമ്മാനിച്ചത് ജെ.എൻ.യു വാണ് എന്നതൊഴിച്ചാൽ, വ്യക്തിപരമായ നേട്ടങ്ങൾ ഒന്നും എടുത്ത് പറയാനില്ലാ. ആകെ ഒരു വട്ടമാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്, അതിൽ പരാജയപ്പെട്ടു. എൻ എസ് യുവിനും വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലാ. എന്നിരുന്നാലും, എന്റെ ജീവിതത്തിൽ, എന്നെ ഏറ്റവും സ്വാധീനിച്ചതും ഇന്നത്തെ എന്നെ രൂപപ്പെടുത്തിയും ജെ.എൻ.യു വാണ്.
ജെ.എൻ.യു വിൽ ശ്വസിക്കുന്ന ശ്വാസത്തിന് പോലും ഒരു വിജ്ഞാനത്തിന്റെ ഗന്ധമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജവഹർലാൽ നെഹൃ മുന്നോട്ട് വച്ച ആശയങ്ങളിൽ അധിഷ്ഠിതമായി ഇന്ദിരാ ഗാന്ധിയാണ് ഈ സർവ്വകലാശാലക്ക് ജന്മം നൽകിയത്. പാശ്ചാത്യ ദേശത്തിന്റെ ചിന്തയും സംസ്കാരവും, ബൗദ്ധീക മേൽക്കോയ്മയും നില നിർത്താൻ ഹാർവാർഡും ഓക്സ്ഫോഡും പോലെ മൂന്നാം ലോകരാഷട്രങ്ങൾക്ക് തങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് വേണ്ട ബൗദ്ധിക ശക്തി പകരാൻ ഒരു സർവ്വകലാശാല, ഇതായിരുന്നു ജെ.എൻ.യു വിന് പിന്നിലെ ആശയം.
ശരിയാണ് ജെ.എൻ.യു വിന് എന്നും ഒരു പക്ഷമുണ്ട്, അത് ഇരയുടെ പക്ഷമാണ്, അടിച്ചമർത്തപ്പെടുന്നവന്റെ പക്ഷമാണ്, ദുർബലന്റെ പക്ഷമാണ്. ജെ.എൻ.യു എന്നും വ്യവസ്ഥിതിയോട് കലഹിച്ചു കൊണ്ടിരുന്നു. അധികാര അപ്രമാദിത്വങ്ങളെ ചോദ്യം ചെയ്തു കൊണ്ടിരുന്നു. സാക്ഷാൽ ഇന്ദിരാഗാന്ധിയോട് പ്രതിഷേധിച്ചു, പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംന്ദിനെ കരിം കൊടി കാണിച്ചു. കോൺഗ്രസ്സിന്റെ നയങ്ങളെ എതിർത്തു. എൻ.എസ്.യു വിന് ജയിക്കാനായില്ല. എന്നിട്ടും കോൺഗ്രസ്സുകാരനായ ഞാൻ ജെ.എൻ.യുവിനെ സ്നേഹിച്ചു, ഇഷ്ടപ്പെട്ടു. കാരണം, ജെഎൻയുവിന് അങ്ങനെ ആവാൻ കഴിയുമായിരുന്നുള്ളൂ.
എന്റെ ചിന്തകളെ ജെ.എൻ.യു വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങളെ അനുകൂലിച്ചപ്പോഴും, ഒരവസരം കിട്ടിയപ്പോൾ നമ്മുടെ നയങ്ങൾക്ക് മനുഷ്യ മുഖം കൂടി വേണമെന്ന് സാക്ഷാൽ മൽമോഹൻ സിംന്ദിനോട് പറയാൻ എന്നെ പ്രേരിപ്പിച്ചതും പ്രാപ്തനാക്കിയതും ഈ സർവ്വകലാശാലയാണ്.
ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന അടിച്ചമർത്തലുകളോടും ജെ.എൻ.യു കലഹിച്ചു. അമേരിക്കയോടും, ഇസ്രായേലിനോടും കലഹിക്കുമ്പോൾ തന്നെ പാലസ്തീനിലെ ജനങ്ങളോടും, കമ്പോടിയ യിലെയും, സിറിയയിലേയും , സൊമാലിയയിലേയും ജനങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. എന്തിനേറെ പറയണം, മുത്തങ്ങ സമര സമയത്ത് കേരളത്തിലെ കലാലയങ്ങൾ മൗനം ഭജിച്ചപ്പോൾ ആദിവാസി സമൂഹത്തിന് വേണ്ടി നൂറുകണക്കിന് വിദ്യാർത്ഥികൾ ജെഎൻയു വിൽ പന്തം കൊളുത്തി പ്രകടനം നടത്തുന്നത് ഞാൻ നേരിൽ കണ്ടതാണ്.
അങ്ങനെ ഉള്ള ഒരു സർവ്വകലാശാലയെ ഇന്ന് ഇന്ത്യ ഭരിക്കുന്ന ശക്തികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്. രാജ്യം മുഴുവൻ മൗനം അവലംബിച്ചാലും ജെ.എൻ.യു ശബ്ദിച്ചു കൊണ്ടേയിരിക്കും, അത് കൊണ്ടാണ് അവർ രാജ്യ ദ്രോഹികൾ എന്ന് വിളിക്കപ്പെടുന്നത്.
അതാണ് ആ അജ്ഞാതൻ ഇന്നലെ പറഞ്ഞതും “അവരെങ്കിലും പ്രതിഷേധിക്കട്ടെ… ” എന്ന്.
ഒരുപാട് എഴുതണമെന്നുണ്ട് , പക്ഷെ അവസാനിപ്പിക്കട്ടെ.
ഈ സർവ്വകലാശാല അതിന്റെ സ്വത്വത്തിൽ തന്നെ നിലനിർത്തണമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ..?
ഇന്ന് ജെ.എൻ.യു അതിന്റെ ആത്മാവിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്..
ഇന്നലെ അവിടെ പോയിരുന്നു.. സമരം ചെയ്യുന്ന വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും ഐക്യദാർഢ്യം അറിയിച്ചു.
ജെ.എൻ.യു അതിന്റെ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും..
“ഈൻക്വിലാബ് സിന്ദാബാദ്.. “
ജെഎൻയുവിൽ നിന്ന് ഈ ശബ്ദം നിലക്കുന്നത് വരെ ഈ സർവ്വകലാശാല മരിച്ചിട്ടില്ലാ എന്ന് വിശ്വസിക്കാം..”
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/32Zxd3a
via IFTTT
No comments:
Post a Comment