ഇ വാർത്ത | evartha
നടന്‍ ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് വിടി ബല്‍റാം എംഎല്‍എ
പാലക്കാട് മെഡിക്കല്‍ കോളേജേ ഡേ പരിപാടിയില്‍ അപമാനിക്കപ്പെട്ട നടന്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി വിടി ബല്‍റാം എംഎല്‍എ. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷിനെ അപമാനിച്ച സംഭവത്തിലാണ് വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ പ്രതിഷേധം അറിയിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
“ഞാൻ മേനോനല്ല. ദേശീയ പുരസ്ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്. ‘മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്”- ബിനീഷ് ബാസ്റ്റിൻ
ചില നിവർന്നു നിൽക്കലുകളേപ്പോലെത്തന്നെ ചില അമർന്നിരിക്കലുകളും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. പാലക്കാട് മെഡിക്കൽ കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽ യുവനടൻ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തിലൊന്നായിരിക്കും എന്നതിൽ സംശയമില്ല. തന്റെ സമുദായത്തിൽ നിന്ന് പത്ത് ബിഎക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യൻകാളിയുടെ പതിറ്റാണ്ടുകൾക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വർഷം തോറും പട്ടികജാതി/വർഗ വിഭാഗങ്ങളിൽ നിന്ന് 70 എംബിബിഎസ് ഡോക്ടർമാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളേജ്. എന്നാൽ ഇക്കഴിഞ്ഞ പതിറ്റാണ്ടുകൾ കൊണ്ട് കേരളം നടന്നുതീർത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതൽജന്മങ്ങൾ ഇപ്പോഴും അപരിഷ്കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നിൽക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓർമ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവർണ്ണ ജീർണ്ണതകൾക്ക് മുമ്പിൽ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയൻ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാർത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്?”
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NzkRca
via IFTTT
No comments:
Post a Comment