ഇ വാർത്ത | evartha
ദൃശ്യം സിനിമയിലെ പോലെ മറവുചെയ്ത മൃതദേഹം കണ്ടെത്താൻ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചു; ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം
മോഹൻലാൽ നായകനായിഇറങ്ങിയ ദൃശ്യം എന്ന സിനിമയിലെ പോലെ ഒരു കൊലപാതകവും തെളിവെടുക്കലും നടന്നിരിക്കുന്നു. കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിലാണ് സംഭവം. കൊലപാതക ശേഷം മറവുചെയ്ത മൃതദേഹം കണ്ടെത്താൻ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചതിന് ഉടമയ്ക്ക് 96170 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകി.
സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടത് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. 2008ൽ നടന്ന കൊലപാതകത്തിന് ശേഷം പ്രതി അനീഷ് കൊല്ലപ്പെട്ട കെവി മാത്യുവിന്റെ മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് പിന്നീട് ഷോപ്പിങ് കോംപ്ലക്സ് വരികയായിരുന്നു. നിലവിൽ ജേക്കബ് മാത്യൂ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പിങ് കോംപ്ലക്സ്.
പത്തു വർഷങ്ങൾക്കിപ്പുറം മറ്റൊരു കേസിൽ പിടിയിലായ അനീഷ്, താൻ മാത്യൂവിനെ കൊലപ്പെടുത്തിയ വിവരം പോലീസിനോട് പറയുകയായിരുന്നു. അന്ന് താൻ മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് ആണെന്ന് അനീഷ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് മൂന്നുനില കെട്ടിടം പൊളിച്ച് മൃതദേഹം കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയത്.
അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടത്തിന്‍റെ ഒരു തറഭാഗം പൊളിക്കുന്നതിന് ഉടമ ജേക്കബ് മാത്യു പോലീസിന് അനുമതി നൽകുകയും ചെയ്തു. അന്വേഷണ സംഘം ആഴത്തിൽ കുഴിയെടുത്തതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്താനായത്. കുഴി എടുത്തതിനെ തുടർന്ന് കെട്ടിടത്തിന് സാരമായ കേടുപാട് ഉണ്ടായി. മാത്രമല്ല, പല ഭാഗങ്ങളിലും കോൺക്രിറ്റ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റേണ്ടിവന്നു.
ഇതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്താൻ ആയിരകണക്കിന് രൂപ ഉടമയ്ക്ക് ചെലവാകുകയും ചെയ്തു. ഇവിടെ പ്രവർത്തിച്ചിരുന്ന നിരവധി കടകൾ മൃതദേഹം വീണ്ടെടുക്കുന്നതുമായി കെട്ടിടം പൊളിക്കുന്നതിനിടെ അടച്ചിടുകയും ചെയ്തു ഈ സാഹചര്യത്തിൽ ജേക്കബ് മാത്യു നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു.
ഈ വിവരം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ തന്നെ ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനം ഉണ്ടാകുകയായിരുന്നു. സംസ്ഥാന പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് നടത്തിയ വിലയിരുത്തലിന് ശേഷമാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/31WlqSI
via IFTTT
No comments:
Post a Comment