ഇ വാർത്ത | evartha
പാകിസ്താൻ ആഗോള ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യം: ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ വിമർശിച്ച പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ചുട്ട മറുപടിയുമായി ഇന്ത്യ. ഇമ്രാൻ ഖാൻ ഭീകരവാദത്തെ ന്യായീകരിക്കുകയാണെന്ന് ആരോപിച്ച ഇന്ത്യൻ പ്രതിനിധിയായ വിദേശകാര്യ സെക്രട്ടറി വിദിശ മൈത്ര യുഎൻ പട്ടികയിലുള്ള ഭീകരർ പാകിസ്ഥാനിൽ ഇല്ലെന്ന് ഉറപ്പ് തരാൻ കഴിയുമോയെന്നും ചോദിച്ചു.
“ അൽക്വൈദ, ഐസിസ് എന്നിവരുമായി ബന്ധമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ച വ്യക്തികൾക്ക് പെൻഷൻ നൽകുന്ന ഒരേയൊരു സർക്കാർ പാകിസ്താനിലേതാണെന്ന കാര്യം അംഗീകരിക്കാൻ അവർ തയ്യാറാണോ? ഐക്യരാഷ്ട്ര സഭ തന്നെ ഭീകരരായി മുദ്രകുത്തിയിട്ടുള്ള 130 പേർ ഇപ്പോഴും പാകിസ്ഥാനിൽ ഉണ്ട്. ഉസാമ ബിൻലാദനെ ന്യായീകരിച്ച വിഷയത്തിൽ ഇമ്രാൻ ഖാൻ ന്യൂയോർക്കിലെ ജനങ്ങളോട് മറുപടി നൽകണം”
വിദിശ മൈത്ര പറഞ്ഞു.
പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു രാജ്യതന്ത്രജ്ഞന്‍റെ പ്രസംഗമല്ല, മറിച്ച് യുദ്ധത്തിന്റെ വക്കോളം കാര്യങ്ങൾ എത്തിക്കുന്ന ഒരു വ്യക്തിയുടെ പ്രസംഗമായിരുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദം വ്യവസായമാക്കിയ രാജ്യം എന്തിന് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കണമെന്നും ഇന്ത്യ ചോദിച്ചു.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഇമ്രാന്‍ ഖാന്‍ ചരിത്രം പഠിക്കണമെന്നും പറഞ്ഞ ഇന്ത്യൻ പ്രതിനിധി കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. ജമ്മു കശ്മീരിൽ ഇന്ത്യ എടുത്ത തീരുമാനം അവിടുത്തെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്. ആ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇന്ത്യൻ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു.
ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇമ്രാൻ ഖാൻ ഇന്നലെ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞിരുന്നു. ഇത് പരിശോധിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയിലെ നിരീക്ഷകരെ അനുവദിക്കാമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഈ വാക്കുകൾ പാകിസ്ഥാൻ പാലിക്കുമോ എന്ന് ലോകം ഉറ്റുനോക്കുമെന്നും ഇന്ത്യ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.
കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കശ്മീരില്‍ 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുന്നുവെന്നും കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തചൊരിച്ചില്‍ ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചും ഇന്നലെ ഇമ്രാൻ ഖാന്റെ പരാമർശം ഉണ്ടായിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2miFno5
via IFTTT
No comments:
Post a Comment